
മനാമ: ബഹ്റൈനിലെ 41% കിന്ഡര്ഗാര്ട്ടന് അദ്ധ്യാപകരുടെ മാസശമ്പളം 150 ദിനാറില്‍ താഴെയാണെന്ന് ജനറല്‍ ഫെഡറേഷന് ഓഫ് ബഹ്റൈന്‍ ട്രേഡ് യൂണിയന്‍സ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ഏറെ പ്രയാസകരമായ ജോലി- ജീവിത സാഹചര്യങ്ങളെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. ഇവരില്‍ 60% പേര്‍ക്ക് ബാലവിദ്യാഭ്യാസത്തില് പ്രൊഫഷണല്‍ ഡിപ്ലോമയുണ്ട്. യോഗ്യതയും ഏറെ ഉത്തരവാദിത്വവുമുണ്ടായിട്ടും ഇവരുടെ ജീവിത സാഹചര്യം പിന്നോക്കാവസ്ഥയിലാണ്. നിയമപരമായ മിനിമം വേതനം ഇവര്‍ക്കില്ല.
കിന്‍ഡര്‍ഗാര്‍ട്ടനുകളില്‍ ഏറെയും സ്വകാര്യ മേഖലയിലാണ്. സ്ഥിരമായ ഒരു തൊഴില്‍ കരാര്‍ അദ്ധ്യാപകര്‍ക്കില്ല. പലര്‍ക്കും അവധിക്കാലത്ത് ശമ്പളമില്ല. ജോലിക്ക് സുരക്ഷിതത്വമില്ല.
ന്യായമായ മിനിമം വേതനം നിശ്ചയിച്ചും ജോലിത്തുടര്ച്ച ഉറപ്പാക്കിയും സാമൂഹ്യ ഇന്‍ഷുറന്‍സ് നല്‍കിയും ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ചില എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


