
ആയിരം ഇതളുകളാൽ വർണക്കാഴ്ചയൊരുക്കി പന്മനയിൽ സഹസ്രദള പത്മം വിരിഞ്ഞു. പന്മന ഇടപ്പള്ളിക്കോട്ട ദേവരാഗത്തിൽ അഡ്വ. സേതുമാധവന്റെയും ഡോ. ഹേമ വി കൃഷ്ണന്റെയും വീട്ടിലാണ് സഹസ്രദള പത്മം വിരിഞ്ഞത്. കേരളത്തിലെ കാലാവസ്ഥയിൽ സഹസ്രദള പത്മം വിരിയുക അപൂർവമാണ്. മൊട്ടുവിരിയാൻ 20 ദിവസമെടുക്കുന്ന താമരയിൽ 900നും 1060നും ഇടയിൽ ഇതളുകൾ കാണും. കോട്ടയത്തുനിന്ന് ഇവർ വിത്ത് വാങ്ങുമ്പോള്‍ പൂവിടാൻ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെയാണ് ചെടി കൈമാറിയത്. എന്നാൽ, സേതുമാധവന്റെയും ഹേമയുടെയും പരീക്ഷണവും പരിചരണവും ഫലം കണ്ടു. 20 ദിവസംമുമ്പ് മുളവന്നു. പിന്നാലെ ഇതൾ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുത്തു. ജൈവവളം ഉപയോഗിച്ച് പ്രത്യേകം പാത്രത്തിൽ ചെളിയും വെള്ളവും നിറച്ചാണ് വളർത്തിയത്. സഹസ്രദള പത്മം കാണാൻ നിരവധിപേരാണ് എത്തുന്നത്.
