മനാമ: ബഹ്റൈന്‍ റിഫൈനിംഗ് കമ്പനിയിലെ (ബാപ്കോ) സുരക്ഷാ വാല്‍വിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു ജീവനക്കാര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പനി അനുശോചനവും പിന്തുണയും അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെയും സിവില്‍ ഡിഫന്‍സിലെയും എമര്‍ജന്‍സി ടീമുകളും ബാപ്കോയിലെ വിദഗ്ധ എമര്‍ജന്‍സി ടീമും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും കരാറുകാരുടെയും സുരക്ഷയ്ക്കും പരിസര മലിനീകരണം തടയുന്നതിനും ഊന്നല്‍ നല്കി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആവശ്യമെങ്കില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ എമര്‍ജന്‍സി ടീമുകള്‍ സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.
