ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീര്‍ ചൗധരിയെ പൊലീസ് മര്‍ദിച്ചതായി പരാതി.
മുസാഫര്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ജനുവരി 20ന് തന്നെ മര്‍ദിച്ചതായാണ് സുധീറിന്റെ പരാതി.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുധീര്‍ തന്നെ ഉദ്ഘാടനം ചെയ്ത മുസാഫര്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് സംഭവം. സുധീറിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ കാണുന്നതിനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് മര്‍ദിക്കുകയായിരുന്നു എന്നാണ് സുധീര്‍ പറയുന്നത്.
കുറ്റക്കാര്‍ക്കെതിരെ ഉറപ്പായും നടപടി എടുക്കും എന്ന് ഡിഎസ്പി പറഞ്ഞതായി സുധീര്‍ പ്രതികരിച്ചു. ഇങ്ങനെ ഒരു കാര്യം എനിക്ക് സംഭവിച്ചു എങ്കില്‍ ജനങ്ങളോട് ഇവര്‍ എങ്ങനെയാവും പെരുമാറുക? സുധീര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് പതാക ശരീരത്തില്‍ വരച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങളില്‍ സുധീര്‍ എത്തുന്നത്. നെറ്റിയില്‍ ഇന്ത്യ എന്നും നെഞ്ചില്‍ ടെണ്ടുല്‍ക്കര്‍ എന്നുമാണ് സുധീര്‍ എഴുതുന്നത്.