കൊല്ലം. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ നിസാം അമ്മാസിന്റെയും അനീഷയുടെയും ഇളയ മകള്‍ എട്ടാം ക്ലാസ്സുകാരി സാബ്രി ക്ഷേത്ര കലയായ കഥകളി അഭ്യസിയ്ക്കാന്‍ ഒരുങ്ങുകയാണ്.ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തികരിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം. മുസ്ലീം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തിലേക്കെത്തുന്ന ആദ്യ പെണ്‍കുട്ടിയാണ് സാബ്രി.തെക്കന്‍ വിഭാഗത്തില്‍ സാബ്രി ഉള്‍പ്പെടെ ഏഴ് പെണ്‍കുട്ടികളാണ്് ഇത്തവണ പ്രവേശനം എടുത്തിരിയ്ക്കുന്നത്. കഥകളി പ്രിയം തിരിച്ചറിഞ്ഞത് വാപ്പ നിസാം അമ്മാസ്. സംസ്ഥാന സര്‍ക്കാറിന്റെ പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് മൂന്നു തവണ കരസ്ഥമാക്കിയ ഫോട്ടാഗ്രാഫറാണ് നിസാം അമ്മാസ്.പിതാവിനൊപ്പം ഉത്സവപ്പറമ്പിൽ പോയി കഥകളി കാണാറുണ്ടായിരുന്നു കഥകളി വേഷവും ഭാവാഭിനയവുമാണ് സാബ്രിയെ ആകർഷിച്ചത്. കലാമണ്ഡലത്തിലെ തന്നെ അദ്ധ്യാപകനായിരുന്ന ചടയമംഗലം സ്വദേശി ആരോമലാണ് സാബ്രിയുടെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത്. ഒന്നര വര്‍ഷത്തോളം ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സാബ്രി കഥകളി അഭ്യസിച്ചു.കുടുംബവും, ബന്ധുക്കളും സാബ്രിയുടെ ആഗ്രഹത്തിനു പരിപൂര്‍ണ്ണ പിന്തുണ നല്കി. അങ്ങനെ ഇടമുളയ്ക്കല്‍ ഗവ. ജവഹര്‍ എച്ച്എസില്‍ നിന്ന് ഏഴാം ക്ലാസ്സ് പൂര്‍ത്തിയാക്കി സാബ്രി കലാമണ്ഡലത്തിലെ പടികള്‍ കടന്നു. പ്രവേശന പരീക്ഷയും അഭിമുഖവും വിജയിച്ച ശേഷമാണ് കലാമണ്ഡലത്തില്‍ എട്ടാം ക്ലാസിലേക്കു സാബ്രി പ്രവേശനം നേടിയത്. കഥകളി പഠിച്ച ശേഷം കലാമണ്ഡലത്തില്‍ തന്നെ അദ്ധ്യാപികയായി ജോലി ചെയ്യണമെന്നാണു സാബ്രിയുടെ ആഗ്രഹം.