ആലപ്പുഴ: സിപിഎം നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയിലയുത്പന്ന കടത്ത് കേസിൽ അട്ടിമറി സാധ്യത. ഒരു കോടിയിലധികം വിലവരുന്ന ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ. ഷാനവാസിനനുകൂലമായി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷാനവാസും വാഹനം വാടകയ്ക്കെടുത്ത ജയനും പ്രതി പട്ടികയിലില്ലെന്ന് കൊല്ലം എ.സി.പി. പ്രദീപ് വ്യക്തമാക്കി.
സ്വകാര്യ കേബിൾ കമ്പനിയിൽ കരാറുകാരനെന്ന നിലയിൽ ഷാനവാസിനു നല്ല വരുമാനമുണ്ട്. എന്നാൽ അനധികൃത സമ്പാദ്യത്തെക്കുറിച്ച് വിവരമില്ല. ലഹരി കേസുകളിലും ഉൾപ്പെട്ടതായി അറിവില്ല. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങളാണുള്ളത്.