ശബരിമല ക്ഷേത്രത്തിലെ അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്വാമിപ്രസാദം എന്ന കിറ്റിന്റെ വില 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. ഇന്നു മുതൽ ബുക്കിംഗ് ആരംഭിച്ചു. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.