തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 85,000 ആയി പരിമിതപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 1.2 ലക്ഷം പേർക്കാണ് ദേവസ്വം ബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ രാത്രി 11.30നാകും ഹരിവരാസനം പാടി നടയടക്കുക. ദർശന സമയം ഉച്ചയ്ക്ക് 1.30 വരെ നീട്ടുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
ഇന്ന് 60,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദർശന സമയം വർദ്ധിപ്പിക്കാൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു മണിക്കൂർ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. നിലവിൽ 18 മണിക്കൂറാണ് ദർശന സമയം.
മരക്കൂട്ടത്ത് ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും പൊലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടന്നത്. അപകടത്തെക്കുറിച്ച് ദേവസ്വം സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. നിലവിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും തിരക്ക് നിയന്ത്രിക്കാൻ പരമാവധി ഇടപെടൽ നടത്തിവരികയാണെന്നും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതൽ ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ബിസ്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്ന് കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.