ആലപ്പുഴ: ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ വെച്ച് സന്നിധാനത്ത് നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലെ താരത്തിനൊപ്പം എത്തിയയാളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ആലപ്പുഴ കളർകോട് ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർത്ഥാടക സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിലമ്പൂർ സ്വദേശി വിഷ്ണുവും ബന്ധുക്കളും ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം.
വിഷ്ണുവിന്റെ മകൾ അലീന ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നു. ഇത് ഇഷ്ടപ്പെടാത്ത ബൈക്കിന്റെ ഉടമ കുട്ടിയോട് ദേഷ്യപ്പെടുകയായിരുന്നു. ഇത് തീർത്ഥാടക സംഘം ചോദ്യം ചെയ്തപ്പോൾ ബൈക്കിന്റെ താക്കോൽ കൈയിലെടുത്ത് അലീനയെയും ബന്ധുവായ വൃന്ദാവനെയും കുത്തുകയായിരുന്നു.