
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നാല് സര്‍ക്കാരുകളുടെ കാലത്തെ ബോര്‍ഡുകളുടെ കാലത്തെ ഇടപാടുകള്‍ എസ്ഐടി പരിശോധിക്കും.
ഇക്കാലങ്ങളിലെ ഭരണപരമായ എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിലും, 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. 10 കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ ലവിഗ്രത്തെ കുറിച്ച് അന്വേഷിക്കണം. കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരുടെ ശില്പങ്ങള് കണ്ടെത്തണം. 2019 ല്‍ ദ്വാരപാലക ശില്പങ്ങള് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ സംഭവം. 2019 ല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ട് പോയതും, 2024, 25 കാലത്തെ ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കണം എന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ശബരിമലയില്‍ വിശദ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിനായി നാളെ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തേക്ക് തിരിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിഎസ്എസ്എസി സമര്‍പ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി നിലപാട് കടുപ്പിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ഉന്നയിച്ചിരിക്കുന്നത്. 1998 ലെ പാളികളും 2019 ലെ പ്ലേറ്റിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. പാളിയില്‍ നിക്കലും അക്രലിക് പോളിമറും കണ്ടെത്തി.
പരിശോധന നടത്തിയ വിഎസ്എസ്സിയിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താന്‍ എസ്ഐടിക്ക് അനുമതി നല്‍കിയിട്ടുണ്ട്. വാതില്പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.


