
കൊല്ലം: ശബരിമല സ്വര്‍ണകൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജയശ്രീക്ക് തിരിച്ചടി. ജയശ്രീയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഇരുവർക്കും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ് ഐ ടി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി കോടതിയുടെ നടപടി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം. ജാമ്യം തളളിയതോടെ അന്വേഷണ സംഘം ഇരുവർക്കും ഉടൻ നോട്ടീസ് നൽകും.
ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഈ മാസം 14ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. ജാമ്യഹര്‍ജി തള്ളിയതോടെ ചോദ്യം ചെയ്യലും അറസ്റ്റുമടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാനാകും. അറസ്റ്റ് ചെയ്യാനുള്ള എസ്ഐടിയുടെ നീക്കത്തിന് പിന്നാലെയാണ് ജയശ്രീ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്. ആദ്യം പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതിചേര്‍ത്തു. കട്ടിലയിലെ സ്വര്‍ണപ്പാളി കേസിലായിരുന്നു നേരത്തെ പ്രതിചേര്ത്തതെങ്കിൽ ദ്വാരക ശിൽപ്പ പാളി കേസിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
2019 ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വര്‍ണപ്പാളി കടത്തിക്കൊണ്ട് പോയതിലെ പങ്കു വിശദീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ പ്രതിചേര്‍ത്തിട്ടുള്ളത്. ദ്വാരപാലക ശിൽപ്പ പാളികളിലെ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതോടെ ശബരിമലയിലെ സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്ന ദിവസമായ ഇന്നാണ് രണ്ടാമത്തെ കേസിലും പ്രതിചേര്‍ത്തുകൊണ്ടുള്ള നിര്‍ണായക റിപ്പോര്‍ട്ട് എസ്ഐടി കോടതിക്ക് കൈമാറിയത്. ഇതിനിടെ, പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി നീട്ടി. 14 ദിവസത്തേക്കാണ് പത്മകുമാറിനെ റിമാന്‍ഡ് ചെയ്തത്.


