ന്യൂ ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ലേലം സംഘടിപ്പിക്കാനൊരുങ്ങി ശ്രീറാം ഓട്ടോമാൾ. സ്ഥാപനത്തിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ‘സാമിൽ ഉത്സവ്’ എന്ന് പേരിൽ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. 120 ലധികം നഗരങ്ങളിൽ വാഹന ലേലം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. വിവിധ വിഭാഗങ്ങളിലായി 15,000 ത്തിലധികം വാഹനങ്ങൾ ലേലത്തിനു ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ, നിർമ്മാണ, കാർഷിക വാഹനങ്ങൾ തുടങ്ങിയ എല്ലാ വാഹനങ്ങളും ലേലത്തിൽ ഉണ്ടാകും. ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഡീലർഷിപ്പുകൾ, റെൻറ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ളവർക്ക് ലേലം ലഭ്യമാകും.
ലേല വേളയിൽ വാഹനത്തിന്റെ അവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട ശേഷം ഗുണഭോക്താക്കൾക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ബിഡ് ലൈവ് വഴി വീട്ടിലിരുന്ന് വാഹന ലേലത്തിൽ പങ്കെടുക്കാനും അവസരമുണ്ട്. ‘മൈസാമിൽ’ എന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയും കമ്പനിയുടെ പോർട്ടൽ വഴിയും പങ്കെടുക്കാം. നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡയറക്ടറും സിഇഒയുമായ സമീർ മൽഹോത്ര പറഞ്ഞു. 2011ലാണ് ശ്രീറാം ഓട്ടോമാൾ പ്രവർത്തനം ആരംഭിച്ചത്. കമ്പനിക്ക് ഇന്ന് ഇന്ത്യയിലുടനീളം ശാഖകളുണ്ട്.