കോഴിക്കോട്: റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് ആഖിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അമ്മ സ്ഥിരീകരിച്ചു. എന്നാൽ യുവതിയെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചുവെന്നത് വ്യാജപ്രചാരണമാണെന്ന് ആഖിലിൻ്റെ അമ്മ പറഞ്ഞു. അതേസമയം അഖിലിന്റെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി പരിക്കേറ്റ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി റഷ്യയിലേക്ക് മടങ്ങി.
കുടുംബ ജീവിതത്തിലെ ചില പ്രശ്നങ്ങളെ തുടർന്ന് ആഖിൽ ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇത് അഖിലിനെ മയക്കുമരുന്നിന് അടിമയാക്കിയിരിക്കാമെന്നും അമ്മ പറയുന്നു. യുവതിക്കൊപ്പം വീട്ടിൽ തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നതായും അമ്മ വിശദീകരിച്ചു. അതേസമയം, യുവതിയെ ക്രൂരമായി മർദ്ദിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് ആഖിലിൻ്റെ അമ്മ വ്യക്തമാക്കി.
ഖത്തറിലായിരുന്ന ആഖിലുമായി ഇൻസ്റ്റഗ്രാം വഴിയാണ് യുവതി പരിചയത്തിലാകുന്നത്. ഫെബ്രുവരി 19നാണ് ഇരുവരും കൂരാച്ചുണ്ടിലെത്തിയത്. ആഖിലിൻ്റെ മർദ്ദനം സഹിക്കവയ്യാതെ കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി റഷ്യയിലേക്ക് മടങ്ങി. റിമാൻഡിൽ കഴിയുന്ന അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.