
റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി അഡിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും അഡിയാല ജയിലിൽ കഴിയുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ഔദ്യോഗിക കുറിപ്പിറക്കി. പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്. അദ്ദേഹം ആരോഗ്യവാനാണ്. ജയിലിൽ നിന്നും മാറ്റിയിട്ടില്ല. ചികിത്സകൾ നൽകുന്നുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കുന്നു. ജയിലിൽ 5 സ്റ്റാർ ഹോട്ടലിനേക്കാൾ സൌകര്യങ്ങളാണ് ഇമ്രാൻ ഖാന് ലഭിക്കുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖവാജ അസിഫ് വിശദീകരിച്ചത്.
ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നുവെന്നും ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും ആരോപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കിയതോടെയാണ് ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്. വിദേശ മധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധം ആളിക്കത്തി.
അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 2018 മുതൽ 2022 വരെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ ഖാൻ. 2023 ലാണ് അദ്ദേഹത്തെ അഴിമതി, ഭീകരവാദം അടക്കം കുറ്റം ചുമത്തി ജയിലിലാക്കിയത്. 2023 മുതൽ തുടരുന്ന ഇമ്രാന്റെ ജയിൽവാസം പാകിസ്താനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി തുടരുകയാണ്.


