വാളയാർ ∙ ഒരാഴ്ചയ്ക്കിടയിൽ വാളയാർ ആർടിഒ ഇൻ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ രണ്ടാമത്തെ പരിശോധനയായിരുന്നു ഇന്നലത്തേത്. പുലർച്ചെ നാലര വരെ നീണ്ട പരിശോധനയിൽ ആകെ 13,000 രൂപ പിടികൂടിയതിൽ 5500 രൂപയാണു കാന്തക്കഷണത്തിൽ ചുറ്റി ഭിത്തിയിലൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. ബാക്കി തുക കണ്ടെത്തിയതു ചവറ്റുകൊട്ടയിൽ അലക്ഷ്യമായി പൊതിഞ്ഞിട്ട പേപ്പർ കഷണങ്ങൾക്കിടയിലും. രാത്രി 11നു ലോറി ജീവനക്കാരുടെ വേഷത്തിലെത്തി ചെക്പോസ്റ്റ് പരിസരത്തു നിലയുറപ്പിച്ച വിജിലൻസ് സംഘം, പിരിവ് ഊർജിതമായതോടെയാണ് ഓഫിസിൽ കയറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു എംവിഐ, 4 എഎംവിഐ, ഒരു ഓഫിസ് അറ്റൻഡർ എന്നിവരിൽ യൂണിഫോമിലുണ്ടായിരുന്നത് ഒരാൾ മാത്രം. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ തിരിച്ചറിയാതിരിക്കാനാണു യൂണിഫോം ഒഴിവാക്കുന്നത്.
പരിശോധനകളൊന്നുമില്ലാതെ പണം പിരിച്ചു വാഹനങ്ങൾ കടത്തിവിടുകയാണു രീതി. വൈകിട്ടത്തെ ഷിഫ്റ്റിൽ ആകെ 37 വാഹനങ്ങൾ മാത്രം കടന്നുപോയതായാണു രേഖപ്പെടുത്തിയിരുന്നത്. സർക്കാരിന്റെ നികുതി വരുമാനത്തിലും കുറവു കണ്ടെത്തി. വിജിലൻസ് ഉദ്യോഗസ്ഥരെത്തിയതോടെ ചെക്പോസ്റ്റ് വിട്ടു പുറത്തേക്കു നടന്നുപോയ മുഴുവൻ ആർടിഒ ഉദ്യോഗസ്ഥരെയും വിജിലൻസ് സംഘം തിരികെ ഡ്യൂട്ടിയിലെത്തിച്ചു. ഓണവിപണിയിലെ തിരക്കു മുതലെടുത്തു വ്യാപക പിരിവാണു ചെക്പോസ്റ്റിൽ നടക്കുന്നതെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ജൂലൈ 20നു നടന്ന പരിശോധനയിൽ 10,200 രൂപ ഇതേ ചെക്പോസ്റ്റിൽ നിന്നു പിടിച്ചിരുന്നു. ഡിവൈഎസ്പി എസ്.ഷംസുദ്ദിന്റെ നിർദേശ പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ് സാം, എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.മനോജ്കുമാർ, സീനിയർ സിപിഒമാരായ കെ.സതീഷ്, പി.ആർ.രമേഷ്, വി.സി.സലേഷ്, പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി എൻജിനീയർ കെ.എ.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.