ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡിലെ ബിജെപി സ്ഥാനാർത്ഥിയോട് 5.24 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുനുഗോഡ് നിയമസഭാ മണ്ഡലത്തിലെ 23 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനത്തിൽ നിന്ന് വൻതുക അയച്ചെന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി കെ.രാജഗോപാൽ റെഡ്ഡിക്കെതിരെയുള്ള ആരോപണം.
കെ രാജഗോപാൽ റെഡ്ഡിക്കെതിരെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവ് സോമ ഭരത് കുമാർ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
“നിങ്ങളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 23 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്ത സംഭവത്തിൽ ആരോപിക്കപ്പെടുന്നതുപോലെ, അത് വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ കടമയാണ്.” അഴിമതിയാണെന്ന് സംശയിക്കുന്ന നടപടിയാണിതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സ്ഥാനാർത്ഥിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.