ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലിയുടെ ചിത്രം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ മികച്ച വിദേശ ഭാഷ സിനിമയ്ക്കും മികച്ച ഗാനത്തിനുമുള്ള പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
തെലങ്കാന ബിജെപി പ്രസിഡന്റും കരിംനഗറിൽ നിന്നുള്ള എംപിയുമായ ബന്ദി സഞ്ജയ് കുമാറിന്റെ വാക്കുകളാണ് ശ്രദ്ധേയമായ അഭിനന്ദനങ്ങളിലൊന്ന്. ജനുവരി 11 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ഗോൾഡൻ ഗ്ലോബ് വിജയം ആഘോഷിക്കുന്ന ആർആർആർ ടീമിന്റെ വീഡിയോ പങ്കിടുകയും കീരവാണിയെയും ആർആർആർ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു. ഈ ചരിത്രപരമായ നേട്ടം ലോക വേദിയിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ബന്ദി സഞ്ജയ് കുമാറിന്റെ അഭിനന്ദനം സോഷ്യൽ മീഡിയ വളരെയധികം രസകരമായി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മുൻ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നതിനാലാണിത്. കൊമരം ഭീം എന്ന ജൂനിയർ എൻടിആറിന്റെ കഥാപാത്രം പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ച് കാണിക്കുന്ന രംഗം ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററിനു തീയിടുമെന്നും ബന്ദി സഞ്ജയ് കുമാര്‍ പണ്ട് പറഞ്ഞിരുന്നു. ഇതാണ് വീണ്ടും ചർച്ചയായത്.