
കട്ടക്ക്: കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി ഇന്നിങ്സിന് പിന്നാലെ പുതിയ നേട്ടത്തിലെത്തി രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റിലെ മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടിയ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്നു. 90 പന്തുകളില്‍ 12 ഫോറുകളും ഏഴ് സിക്സറുകളും ഉള്‍പ്പെടെ 119 റണ്‍സാണ് രോഹിത് കട്ടക്കില്‍ നേടിയത്.
കരിയറില്‍ ഇതുവരെ 267 ഏകദിനങ്ങളില്‍ നിന്ന് 49.26 ശരാശരിയിലും 92.70 എന്ന സ്ട്രൈക്ക് റേറ്റിലും 10,987 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. 32 സെഞ്ച്വറിയും 57 അര്‍ധസെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 264 റണ്‍സാണ് ഏറ്റവും മികച്ച സ്കോര്‍.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ പത്താമനാണ് രോഹിത്. 344 മത്സരങ്ങളില്‍ നിന്നും 318 ഇന്നിങ്സുകളില്‍ നിന്നും 39.16 ശരാശരിയില്‍ 10,889 റണ്‍സാണ് ദ്രാവിഡിന്റെ നേട്ടം. 12 സെഞ്ച്വറിയും 83 അര്‍ധസെഞ്ച്വറിയും അടങ്ങുന്നതാണ് ദ്രാവിഡിന്റെ ഇന്നിങ്സ്. 153 മികച്ച സ്കോര്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായി, ഇതിഹാസ സച്ചിന് ടെണ്ടുല്‍ക്കറെയും രോഹിത് മറികടന്നു. 343 മത്സരങ്ങളില്‍ നിന്നും 45.43 ശരാശരിയില്‍ 15,404 റണ്‍സാണ് രോഹിതിന്റെ നേട്ടം. 44 സെഞ്ച്വറിയും 79 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. മികച്ച സ്കോര്‍ 264 ആണ്.
സച്ചിന് 346 മത്സരങ്ങളില്‍ നിന്നും 342 ഇന്നിങ്സുകളില്‍ നിന്നും 48.07 ശരാശരിയില്‍ 15,335 റണ്‍സ് നേടിയിട്ടുണ്ട്. 45 സെഞ്ച്വറിയും 75 അര്‍ധസെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹം, 200* റണ്‍സാണ് ഏറ്റവും മികച്ച സ്കോര്‍. ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വീരേന്ദര്‍ സേവാഗാണ്. 321 മത്സരങ്ങളില്‍ നിന്നും 388 ഇന്നിങ്സുകളില്‍ നിന്നും 41.90 ശരാശരിയില്‍ 15,758 റണ്‍സ് നേടിയിട്ടുണ്ട്, ഇതില്‍ 36 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. സെവാഗിന്റെ മികച്ച സ്കോര്‍ 319 റണ്‍സാണ്.
കട്ടക്കിലെ നാല് വിക്കറ്റ് വിജയം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ 36-ാം ഏകദിന വിജയമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇതിഹാസം വിവ് റിച്ചാര്‍ഡ്സിനൊപ്പമാണ് രോഹിത്. 39 വിജയങ്ങളുമായി ക്ലൈവ് ലോയ്ഡ്, റിക്കി പോണ്ടിങ്, വിരാട് എന്നിവരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി. 338 സിക്സുകളായി രോഹിതിന്റെ അക്കൗണ്ടില്‍. 351 സിക്സുകളുമായി മുന്‍ പാകിസ്ഥാന് നായകനും ഇതിഹാസവുമായ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്.. 331 സിക്സുകളുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെയാണ് രോഹിത് പിന്തള്ളിയത്. ഗെയ്ല് മൂന്നാം സ്ഥാനത്ത്. 270 സിക്സുകളുമായി ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് നാലാം സ്ഥാനത്ത്.
