മസ്കറ്റ്: സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിക്കുന്ന 740 കിലോമീറ്റർ ഹൈവേ ചൊവ്വാഴ്ച ഔദ്യോഗികമായി തുറന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഒമാൻ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും റോഡ് തുറന്നതായി പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കരമാര്‍ഗം യാത്രാ സമയം 16 മണിക്കൂര്‍ കുറയുമെന്നാണ് കരുതുന്നത്.
2014 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വൈകുകയായിരുന്നു. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. നേരത്തെ യു.എ.ഇയിലൂടെ കടന്നുപോകുന്ന 1638 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണ് സൗദിയുമായി ഒമാനെ ബന്ധിപ്പിക്കുന്ന കര മാര്‍ഗം. ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കി.മീ ദൂരം കുറയും. പുതിയ റോഡ് വന്നതോടെ വ്യാപാര ചരക്കുകളുടെ നീക്കവും വര്‍ധിക്കും. തെക്ക്-പടിഞ്ഞാറൻ ഒമാനിലെ ഒരു പട്ടണമായ ഇബ്രിയിൽ നിന്ന് ആരംഭിച്ച് കിഴക്കൻ സൗദി അറേബ്യയിലെ അൽ അഹ്സയിൽ അവസാനിക്കുന്ന റോഡ്, നിലവിലുള്ള റോഡിനെ അപേക്ഷിച്ച് 16 മണിക്കൂർ യാത്രാ സമയം ലാഭിക്കുന്നു.
ലോകത്തിലെ ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് റോഡ് നീണ്ടുകിടക്കുന്നത്. സൗദി അറേബ്യയിലെ എംപ്റ്റി ക്വാർട്ടർ, അൽ അഹ്സ ഗവർണറേറ്റ് എന്നിവയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഒമാനിലെ നീളം ഏകദേശം 160 കിലോമീറ്ററാണ്. അതേസമയം 580 കിലോമീറ്ററാണ് സൗദിയിലുള്ളത്.
