പട്ന: രാഷ്ട്രീയ ജനതാദൾ നേതാവ് വിജേന്ദ്ര യാദവ് ശനിയാഴ്ച കർഗഹാറിന് സമീപം വെടിയേറ്റ് മരിച്ചു. കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വിജേന്ദ്ര യാദവിന് നേരെ ബൈക്കിലെത്തിയ ആറംഗ സംഘം വെടിയുതിർക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
തലയ്ക്കും കഴുത്തിനും വെടിയേറ്റ വിജേന്ദ്ര യാദവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിജേന്ദ്ര യാദവിനെ ആക്രമിക്കാൻ മുമ്പും ശ്രമം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.