
മനാമ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ തങ്ങളുടെ കാബിന് ക്രൂ ടീമിലേക്ക് പുതിയ നിയമനം നടത്തുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ ഉടന്‍ റിക്രൂട്ട്മെന്റ് മേള നടത്തും.
മേളയില്‍ പങ്കെടുത്ത് വിജയികളാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സമഗ്ര പരിശീലന പരിപാടി നടത്തും.
ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം, കുറഞ്ഞത് 160 സെന്റിമീറ്റര്‍ ഉയരം, ആവശ്യമായ സാഹചര്യങ്ങളില്‍ ഫ്ളോട്ടേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള നീന്തല്‍ പരിജ്ഞാനം, യൂണിഫോം ധരിച്ചാല്‍ കാണാവുന്ന ടാറ്റൂകള്‍ ഇല്ലാത്ത ശരീരം, റിയാദിലേക്ക് താമസം മാറ്റാനും തൊഴില്‍ വിസ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സന്നദ്ധത, ഹൈസ്കൂള്‍ ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റിയിലോ ഉപഭോക്തൃ സേവനത്തിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. കുറഞ്ഞ പ്രായം 21 വയസ്.
സൗദി അറേബ്യയെ വ്യോമയാനത്തിനും വ്യാപാരത്തിനുമുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിലൂടെ മേഖലയിലെ വ്യോമയാനത്തിന്റെ ഭാവി പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്നും ലോകമെമ്പാടുമുള്ള 100ലധികം കേന്ദ്രങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിയാദ് എയര്‍ മാനേജ്മെന്റ്അറിയിച്ചു.
