ഡെറാഡൂൺ: ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. താരത്തെ പ്രവേശിപ്പിച്ച ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലെ ഡോക്ടർ ആശിഷ് യാഗ്നിക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ന് പുലർച്ചെ ഡൽഹി-ഡെറാഡൂൺ ഹൈവേയിലാണ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ചാണ് കാറിന് തീപിടിച്ചത്. കാറിൽ പന്ത് ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവിങ്ങിനിടെ മയങ്ങിപ്പോയതിനാലാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. തീപിടിച്ച കാറിന്റെ വിൻഡ്സ്ക്രീൻ തകർത്ത് പന്ത് സ്വയം രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പന്തിന്റെ നെറ്റിയിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാൽമുട്ടിന്റെ ലിഗമെന്റിനും പരിക്കേറ്റു. മുതുകിലും മുറിവുകളുണ്ട്. അതേസമയം, കാറിൽ നിന്ന് ചാടിയതിനാൽ അദ്ദേഹത്തിന് കാര്യമായ പൊള്ളലേറ്റിട്ടില്ലെന്നാണ് സൂചന. പന്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ പത്രക്കുറിപ്പ് പിന്നീട് പുറപ്പെടുവിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.