റിപ്പോർട്ട് : വി. അബ്ദുൽ മജീദ്
തിരുവനന്തപുരം: നിലപാട് ഇരുമ്പുലക്കയല്ല എന്ന അധികാര രാഷ്ട്രീയത്തിന്റെ ഒഴിവുകഴിവ് വാക്യത്തിന് ചെറിയ തോതിലെങ്കിലും അപവാദമായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതം. സ്വീകരിക്കുന്ന നിലപാടുകളിൽ പലപ്പോഴും തികഞ്ഞ കാർക്കശ്യം അദ്ദേഹം പുലർത്തിയിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഈ രാഷ്ട്രീയ ശൈലി സ്വന്തം പാർട്ടിയിലും എതിര്ചേരിയിലും നിരവധി ശത്രുക്കൾ വി.എസിനുണ്ടാകാൻ കാരണമായി.
മൂന്നാറിലെ ഭൂമി കൈയേറ്റം, മതികെട്ടാൻ മലയിലെ കൈയേറ്റങ്ങൾ, ഐസ്ക്രീം പെൺവാണിഭക്കേസ് തുടങ്ങിയ വിഷയങ്ങളിൽ വി.എസ്. സ്വീകരിച്ച നിലപാടുകളിൽ അയവ് വരുത്താൻ പാർട്ടിയിൽനിന്നടക്കം സമ്മർദ്ദങ്ങളുണ്ടായിട്ടും അദ്ദേഹം വഴങ്ങിയില്ല. അതിൻ്റെ പേരിൽ തൻ്റെ രാഷ്ട്രീയ ജീവിതലുണ്ടായ നഷ്ടങ്ങൾ അദ്ദേഹം ഗൗനിച്ചതുമില്ല.
ഇതടക്കം വിവിധ വിഷയങ്ങളിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ വൻ വിവാദങ്ങൾക്കും വഴിവെച്ചു. പാർട്ടിയിലെ ചേരിപ്പോരുകളിലും അദ്ദേഹം കൈക്കൊണ്ട സമീപനങ്ങൾ വൻ വാർത്തകളായി മലയാള മാധ്യമങ്ങളിൽ നിറഞ്ഞു.

1980കൾ മുതൽ സി.പി.എമ്മിലുണ്ടായ വിഭാഗീയതകളിൽ എന്നും ഒരു പക്ഷത്തിന്റെ അമരക്കാരനായിരുന്നു വിഎസ്. 1980കളുടെ മദ്ധ്യത്തിൽ എം.വി. രാഘവന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ബദൽ രേഖയുടെ കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. എം.വി. രാഘവനും കൂട്ടർക്കുമെതിരെ കടുത്ത നിലപാടാണ് വി.എസ്. സ്വീകരിച്ചത്. അതിൻ്റെ ഫലമായി എം.വി. രാഘവനും കൂടെ നിന്ന ചില നേതാക്കളും പാർട്ടിയിൽനിന്ന് പുറത്തായി. അന്ന് എം.വി.ആർ. പാർട്ടിക്കെതിരെ തൊടുത്തുവിട്ട ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്ത് വി.എസ്. ആയിരുന്നു.
ബദൽ രേഖ വിഭാഗം ശമിച്ച ഘട്ടത്തിലാണ് 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാർട്ടിയുടെ ശക്തികേന്ദ്രമായ മാരാരിക്കുളം നിയമസഭാ മണ്ഡലത്തിൽ വി.എസ്. തോറ്റത്. പാർട്ടിയിൽ രൂപംകൊണ്ട സി.ഐ.ടി.യു. ലോബിയുടെ കാലുവാരലായിരുന്നു തോൽവിക്ക് പിന്നിൽ. അന്ന് ചുണ്ടിലും കപ്പിനുമിടയിൽ വന്ന മുഖ്യമന്ത്രിസ്ഥാനം തെന്നിത്തെറിച്ചുപോയതിനെ തുടർന്ന് വി.എസ്. പാർട്ടിക്കുള്ളിൽ ശക്തമായ സമരത്തിന് തുടക്കമിട്ടു. വി.ബി. ചെറിയാൻ, മുൻ എം.പി. ടി.ജെ. ആഞ്ചലോസ് തുടങ്ങിയ പ്രമുഖ നേതാക്കൾ പാർട്ടിക്ക് പുറത്താക്കാൻ അത് കാരണമായി.

2001ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായ വി.എസിന്റെ പുതിയൊരു മുഖമാണ് പിന്നീട് കേരളം കണ്ടത്. സർക്കാരിനെതിരായ സമരങ്ങളിലും ഭൂമി കൈയേറ്റങ്ങളിലും മറ്റുചില കേസുകളിലും പുതിയൊരു സമരമുഖം തുറന്ന വി.എസ്. അതുവരെ അദ്ദേഹത്തിനെതിരെ മുഖംതിരിഞ്ഞുനിന്ന മാധ്യമങ്ങൾക്ക് പ്രിയങ്കരനായി. അത് ഇടതുമുന്നണിയെ 2006ൽ വൻ വിജയത്തിലേക്ക് നയിച്ചു. ഒരിക്കൽ നഷ്ടപ്പെട്ടുപോയ മുഖ്യമന്ത്രി പദം വി.എസിന്റെ കൈകളിലെത്തി.
ഇതിനിടയിൽ സി.പി.എമ്മിൽ ഒരു വശത്ത് വി.എസിന്റെ നേതൃത്വത്തിലും മറുവശത്ത് പിണറായി വിജയന്റെ നേതൃത്വത്തിലും ശക്തമായ രണ്ടു ചേരികൾ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് കുറേക്കാലം കേരളത്തിലെ രാഷ്ട്രീയ വാർത്തകളുടെ പ്രഭവകേന്ദ്രമായി ഈ ചേരിപ്പോര് മാറി. 2016ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരികയും തുടർന്ന് വി.എസ്. ഗ്രൂപ്പ് ദുർബലമാവുകയും അദ്ദേഹത്തോടൊപ്പം നിന്നിരുന്ന പല നേതാക്കളും മറുവശത്തേക്ക് കൂറുമാറുകയും ചെയ്തു. എന്നിട്ടും വി.എസിനെ ചുറ്റിപ്പറ്റി ചില രാഷ്ട്രീയ വിവാദങ്ങൾ ചെറിയതോതിൽ പിന്നെയും തുടർന്നു.
2021ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വി.എസ്. ഒഴിവാക്കപ്പെട്ടു. അതോടെ പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾ അദ്ദേഹത്തെ ബാധിച്ചുതുടങ്ങി. കുറച്ചുകാലമായി രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടാതെ വിശ്രമ ജീവിതത്തിലായിരുന്നു വി.എസ്. ഒടുവിൽ ആ ജീവിതത്തിന് അന്ത്യവുമായി.
