
തൃശൂര്‍: കുചേല ദിനത്തില്‍ ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു. ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു.
ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്, മനോജ് ബി നായര്‍, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്ട്രറ്റര്‍ ഒ ബി അരുണ്‍കുമാര്‍, കുചേല പ്രതിമ വഴിപാടായി സമര്‍പ്പിച്ച വേണുകുന്നപ്പള്ളി, ശില്‍പ്പി ഉണ്ണി കാനായി, ദേവസ്വം ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

ആറടി ഉയരത്തില്‍ കരിങ്കല്ല് മാതൃകയില്‍ നിര്‍മ്മിച്ചതാണ് കുചേല പ്രതിമ. മഞ്ജുളാല്‍ത്തറയിലെ ഗരുഡ ശില്പം കാലപ്പഴക്കത്താല്‍ ക്ഷയിച്ചതിനെ തുടര്‍ന്ന് അടുത്തിടെ പുതിയ വെങ്കല ഗരുഡ ശില്‍പ്പം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ, ഇവിടെയുണ്ടായിരുന്ന ജീര്‍ണിച്ച പഴയ കുചേല പ്രതിമ മാറ്റിയിരുന്നു. മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പം വഴിപാടായി സമര്‍പ്പിച്ച ചലച്ചിത്രനിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്‍പ്പവും വഴിപാടായി നിര്‍മ്മിച്ചത്. കരിങ്കല്‍ മാതൃകയില്‍ നിര്‍മ്മിച്ച പ്രതിമ ഉന്നത നിലവാരത്തിലുള്ള സ്റ്റെയിന് ലെസ് സ്റ്റീലും ഫൈബര്‍ മാറ്റും റസീനും ഉപയോഗിച്ച്, കാലങ്ങളോളം നിലനില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
മഞ്ജുളാല്‍ത്തറയില്‍ കയ്യില്‍ ഓലക്കുടയും വടിയും എടുത്ത് തോളില്‍ വച്ച് വലത് കൈ ഇടനെഞ്ചില്‍ ചേര്‍ത്ത് തോളില്‍ തുണിസഞ്ചിയും അരയില്‍ അവില് പൊതിയുമായി ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകല്‍പ്പന .രണ്ട് മാസം കൊണ്ടാണ് പ്രതിമ പൂര്‍ത്തിയാക്കിയത്.


