മനാമ: ബഹറിനിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന റെസ്റ്റോറന്റുകളും ഷീശ കഫേകളും സെപ്റ്റംബറിൽ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കും. ഘട്ടം ഘട്ടമായാണ് വിവിധ സ്ഥാപനങ്ങൾ തുറക്കുന്നത്. സെപ്റ്റംബർ 3 മുതൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഔട്ട്ഡോർ ഡൈനിംഗ് അനുവദിക്കുമെന്നും സെപ്റ്റംബർ 24 മുതൽ ഷീശ, ഡൈൻ-ഇൻ സേവനങ്ങൾ അനുവദിക്കുമെന്നും സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ജിംസ്, സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ ഓഗസ്റ്റ് 6 മുതലും റെസ്റ്റോറന്റുകളിലും കഫേകളിലും ഔട്ട്ഡോർ ഡൈനിംഗ്, പരിശീലന സ്ഥാപനങ്ങൾ എന്നിവ സെപ്റ്റംബർ 3 മുതലും റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള എല്ലാ ആന്തരികവും ബാഹ്യവുമായ സേവനങ്ങൾ സെപ്റ്റംബർ 24 മുതലും ആരംഭിക്കും.
ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ റസ്റ്റോറൻറുകളും ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റിയുടെ അംഗീകാരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റോറൻറുകളും ക്രമേണ തുറക്കാൻ അനുമതി നൽകാനും തീരുമാനിച്ചു. 20 പേരിൽ കവിയാത്ത പരിപാടികൾക്ക് ബുക്കിങ് അനുവദിക്കും. എന്നാൽ ഒരു സമയം ഒരു പരിപാടി മാത്രമേ അനുവദിക്കുകയുള്ളൂ.
തുറക്കാൻ അനുമതി നൽകിയ സ്ഥാപനങ്ങൾ കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടോ എന്ന് ഏകോപന സമിതി നിരീക്ഷിക്കും. ഡാറ്റയും ഫലങ്ങളും അനുസരിച്ച്, എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് പ്രസക്തമായ തീരുമാനങ്ങൾ ആനുകാലികമായി അവലോകനം ചെയ്യും.
നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിെൻറ ശിപാർശയനുസരിച്ച് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുത്തത്.