ഇടുക്കി: മാത്യു കുഴല്നാടന് എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്‍ക്ക് എന്‍.ഓ.സി. നല്കാന് റവന്യൂ വകുപ്പിൻ്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധമായ ഇടപെടലുണ്ടായതായി ആക്ഷേപം. കെട്ടിടങ്ങൾക്ക് എൻ.ഓ.സി. നൽകാൻ ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായിരുന്ന സുനില്‍.ജെ.പോള്‍ നല്‍കിയത് തെറ്റായ റിപ്പോര്‍ട്ട്. യാതൊരു പരിശോധനയുമില്ലാതെയാണ് കെട്ടിടത്തിന് പത്തു വര്‍ഷം പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് പരാതി. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം കെട്ടിടത്തിന് പത്തു വർഷം പഴക്കമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്യു കുഴല്നാടന് എം.എല്‍.എ. വിലയ്ക്കു വാങ്ങിയ ചിന്നക്കനാലിലെ എറ്റേണോ കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന റിസോര്‍ട്ടിലെ പ്രധാന കെട്ടിടം 2014-ന് ശേഷം നിര്‍മിച്ചതാണ്.
മറ്റു മൂന്ന് കെട്ടിടങ്ങള്‍ 2017-കാലഘട്ടത്തിലാണ് നിര്‍മിച്ചത്. ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നിയമലംഘനം നടത്തിയതായി പരാതിയുയര്‍ന്നത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയാണിത്. ഇവിടെ ഇത്തരത്തിലൊരു കെട്ടിടം പാര്‍പ്പിട ആവശ്യത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനു വിരുദ്ധമായി റിസോര്‍ട്ട് നടത്തുന്നു എന്നുള്ളതാണ് പ്രധാനമായും നിയമലംഘനമായി ചൂണ്ടിക്കാട്ടുന്നത്. എം.എല്‍.എ. ഈ ഭൂമി വാങ്ങിയ ശേഷം കെട്ടിടനമ്പര്‍ ലഭിക്കുന്നതിനാണ് എന്‍.ഓ.സിയ്ക്കായി റവന്യു വകുപ്പില്‍ അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ കെട്ടിടം പാര്‍പ്പിട ആവശ്യത്തിനു വേണ്ടിയുള്ളതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പത്തു വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന വില്ലേജോഫീസറുടെ കണ്ടെത്തലും തെറ്റാണ്. പരാതിയിൽ അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ഇതുവരെ തയ്യാറായിട്ടുമില്ല.