മനാമ: ബഹറിനിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ, ടീച്ചിംഗ് സ്റ്റാഫുകൾക്കായി സെപ്റ്റംബർ 20 ന് പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മാറ്റിവയ്ക്കൽ തീരുമാനത്തെത്തുടർന്ന് ഒക്ടോബർ 4 ന് പുതിയ അധ്യയന വർഷം ആരംഭിക്കും. അധ്യാപകരും മറ്റ് ജീവനക്കാരും ഒക്ടോബർ നാലിന് സ്കൂളുകളിൽ എത്തണം. ഒക്ടോബർ 11 മുതലാണ് ക്ലാസ് ആരംഭിക്കുക. സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിൽ മാറ്റങ്ങളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഒക്ടോബർ ഒന്നുവരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.