കുവൈത്ത് സിറ്റി: കുവൈറ്റിൽ ആർട്ടിക്കിൾ 24 വിഭാഗത്തിൽപ്പെട്ടവരുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതും പുതിയ വിസ അനുവദിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചു. നേരത്തെ, ബിസിനസുകാർ, ബിസിനസ്സ് പങ്കാളികൾ, ആശ്രിത വിസയിൽ കഴിയവെ തടവിന് ശിക്ഷിക്കപ്പെട്ടവരുടെ ഭാര്യമാർ എന്നിവർക്കാണ് ആർട്ടിക്കിൾ 24 പ്രകാരമുള്ള താമസ രേഖകൾ നൽകിയിരുന്നത്. എന്നാൽ, കൃത്രിമ മാർഗങ്ങളിലൂടെ സ്വന്തം സ്പോൺസർഷിപ്പിലൂടെ സ്വന്തമാക്കാൻ കഴിയുന്ന ആർട്ടിക്കിൾ 24 പലരും സ്വന്തമാക്കിയതായി അധികൃതർ കണ്ടെത്തി.
10,000 ത്തോളം പ്രവാസികൾ ഇത്തരത്തിൽ രാജ്യത്തേക്ക് വന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് വിസ വിതരണം താൽക്കാലികമായി നിർത്തി വെച്ചത്. റസിഡൻസി ആൻഡ് നാഷനാലിറ്റി അഫയേഴ്സ് വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് അൽ മഷാൻ്റെ അനുമതി ലഭിച്ചാലേ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റെസിഡൻസി രേഖ പുതുക്കുകയോ പുതിയ റെസിഡൻസി ഡോക്യുമെന്റ് അനുവദിക്കുകയോ ചെയ്യുകയുള്ളൂ. ഇത്തരം സംശയങ്ങളെ തുടർന്ന് ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികളുടെ ഫയലുകൾ സൂക്ഷ്മമായി പരിശോധിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്.
ആവശ്യമായ നിബന്ധനകൾ പാലിക്കാതെയോ മന്ത്രിസഭാ തീരുമാനം വ്യക്തമാക്കിയ നിബന്ധനകൾ മറികടന്നോ നിരവധി താമസക്കാർ ആർട്ടിക്കിൾ 24 വിസ അനധികൃതമായി നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. ഇത്തരത്തിൽ നിരവധി പേർ നിയമം ലംഘിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിൽ റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് സമഗ്രമായ അവലോകന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.