ഗീലോങ്: ടി20 ലോകകപ്പ് സൂപ്പർ 12 യോഗ്യതാ മത്സരങ്ങളിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ തകർപ്പൻ വിജയത്തിൽ നമീബിയയെ പ്രശംസിച്ച് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. “ഈ പേര് ഓര്‍ത്തുവെച്ചോളു” എന്ന് ശ്രീലങ്കയ്ക്കെതിരായ നമീബിയയുടെ വിജയത്തിന് ശേഷം സച്ചിൻ ട്വിറ്ററിൽ കുറിച്ചു. നമീബിയൻ ക്യാപ്റ്റൻ ജെറാര്‍ഡ് ഇറാസ്മുസ് സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റിന് മറുപടിയും നൽകി.
മുൻ ഇന്ത്യൻ താരങ്ങളായ റോബിന് ഉത്തപ്പ, ആകാശ് ചോപ്ര, ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയവർ നമീബിയയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ജയത്തിന് ശേഷം ഇറാസ്മുസ് ടീം അംഗങ്ങളെ അഭിനന്ദിച്ചിരുന്നു. അസാമാന്യമായ ജയമാണിതെന്നും വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് മാത്രമാണിതെന്നും ഇറാസ്മുസ് പറഞ്ഞു. സൂപ്പര്‍ 12ല്‍ എത്തുകയാണ് ആദ്യ ലക്ഷ്യമെന്നും നമീബിയയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇറാസ്മുസ് വ്യക്തമാക്കിയിരുന്നു. ടി20 ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ പത്ത് റാങ്കിലുള്ള ഒരു ടീമിനെ നമീബിയ തോല്‍പ്പിക്കുന്നത്.