തിരുവനന്തപുരം: കിടപ്പു രോഗികളെയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന രോഗികളെയും പരിചരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 2018 മാര്‍ച്ച് മുതല്‍ ഇന്നുവരെ ആശ്വാസകിരണം വഴി ഒരു രൂപയുടെ ധനസഹായം പോലും വിതരണം ചെയ്തിട്ടില്ല. പദ്ധതിയില്‍ ചേരാന്‍ സമര്‍പ്പിച്ച എണ്‍പത്തി ആറായിരം അപേക്ഷകളില്‍ 50000 എണ്ണം ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ഓട്ടിസം, സെറിബ്രല്‍ പാര്‍സി എന്നീ രോഗങ്ങള്‍ ബാധിച്ച ബന്ധുക്കള്‍ക്കു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചവരാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളെ ന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വിഹിതമായ 40 കോടി രൂപ അനുവദിച്ചതായി സാമൂഹ്യനിതി വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീവ്രഭിന്നശേഷിയുള്ളവരുടെയും കിടപ്പ് രോഗികളുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുകയും ആധാര്‍ ലിങ്കിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ക്കുള്ള പ്രായോഗികബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരമാവധി കുടിശ്ശിക ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ, വര്‍ക്കിംഗ് ഗ്രൂപ്പ് മുന്നോട്ടുവച്ച നിബന്ധന താല്‍ക്കാലികമായി ഇളവ് ചെയ്ത് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളോട് തികഞ്ഞ അനുഭാവമാണ് സര്‍ക്കാരിനുള്ളത്. അവശേഷിക്കുന്ന കുടിശ്ശിഖ തീര്‍ക്കുന്നതിന് ആവശ്യമായ തുക അധികധനാനുമതിയിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
