ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു.
ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ പൗരന്മാരെ വിട്ടയച്ചു.
മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനും സമാധാന ഉടമ്പടി പ്രാബല്യത്തിൽ വരുത്തുന്നതിനും ഖത്തർ അമീറിനും ഒമാൻ സുൽത്താനും ഞങ്ങളുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി വൈറ്റ് ഹൗസ് പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മാസങ്ങള്‍ നീണ്ട ദൗത്യത്തിലൂടെ ശ്രമകരവും തത്ത്വങ്ങളില്‍ അധിഷ്ഠിതവുമായ കരാര്‍ സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും വളരെയധികം സഹായിച്ചെന്നും ജോ ബൈഡന് പ്രസ്താവനയില്‍ വ്യക്തമാക്കി. മോചനത്തിനായി സഹായിച്ച സ്വിറ്റ്സര്‍ലൻഡ്, ദക്ഷിണ കൊറിയ എന്നീ സര്‍ക്കാറുകള്‍ക്കും ബൈഡന് നന്ദി അറിയിച്ചിട്ടുണ്ട്.