മനാമ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വാക്സിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്നിക് വാക്സിൻ എടുക്കാൻ താല്പര്യപ്പെടുന്നവർ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh അല്ലെങ്കിൽ ബിഅവെയർ ബഹ്റൈൻ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവയ്പ്പിലൂടെ രോഗപ്രതിരോധ ശേഷി പുനരുജ്ജീവിപ്പിച്ച് ആളുകളുടെ സുരക്ഷ പരിരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോവിഡ് -19 വൈറസിനെതിരായ വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി നിർമ്മിക്കുന്ന സ്പുട്നിക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ബഹ്റൈൻ അടുത്തിടെ അനുമതി നൽകിയിരുന്നു.
സിനോഫാർം, ഫൈസർ-ബയോടെക്, കോവിഷീൽഡ് എന്നീ വാക്സിനുകൾക്കും ബഹ്റൈനിൽ നേരത്തെ അനുമതി ലഭിച്ചിരുന്നു. എല്ലാ വാക്സിനുകളും പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായാണ് നൽകുന്നത്. രജിസ്ട്രേഷന് ശേഷം, ആദ്യത്തെ ഡോസ് സ്വീകരിക്കുന്ന തീയതിയും സ്ഥലവും അറിയിച്ചു കൊണ്ട് വെബ്സൈറ്റിലെ കോൺടാക്റ്റ് നമ്പറിലേക്ക് സന്ദേശം അയക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.