
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്റൈൻ) സംഘടിപ്പിക്കുന്ന ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’ — ബഹ്റൈൻ രാജ്യത്തെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാ കാർണിവൽ — ഡിസംബർ 5, വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ, ഇസ ടൗൺ ക്യാമ്പസിൽ വെച്ച് നടക്കും. പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ ഭാവ്യമത്സരത്തിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്.
കലയുടെ വഴി സംസ്കാരങ്ങൾ തമ്മിൽ ബന്ധം സൃഷ്ടിക്കുകയും ബഹ്റൈനിലെ യുവ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ മത്സരം, ഇന്ത്യൻ, ബഹ്റൈൻ കരിക്കുലം സ്കൂളുകളും മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതി വിദ്യാലയങ്ങളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ടും സമ്പന്നമാണ്. സൗഹൃദപരവും സൃഷ്ടിപരവുമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളുടെ കലാപാടവങ്ങളെ ഉയർത്തിക്കൊണ്ടുവരുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.
2009ൽ ആരംഭിച്ചതുമുതൽ ഫേബർ കാസ്റ്റൽ ഈ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ആണ് . ഈ വർഷത്തെ പ്രെസെന്റർ മലബാർ ഗോൾഡാണ്.
പരിപാടിയുടെ ഒരുക്കങ്ങൾ:
സ്പെക്ട്ര 2025ന്റെ ഭാഗമായി ഐസിആർഎഫ് സ്പെക്ട്ര കമ്മിറ്റി അടുത്തിടെ സ്കൂൾ കോർഡിനേറ്റർമാരുമായി യോഗം ചേർന്നു. ബഹ്റൈൻയിലെ 25-ഓളം സ്കൂളുകളിൽ നിന്നുള്ള ഏകദേശം 40 കോർഡിനേറ്റർമാർ യോഗത്തിൽ പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി എല്ലാവരും പരമാവധി പിന്തുണ വാഗ്ദാനം ചെയ്തു.
പങ്കാളിത്തവും പ്രായവിഭാഗങ്ങളും
പങ്കെടുക്കുന്ന വിദ്യാർത്ഥികളെ പതിവുപോലെ നാല് പ്രായവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:
5–8 വയസ്സ്; 8–11 വയസ്സ്; 11–14 വയസ്സ്; 14–18 വയസ്സ്
ഈ വിഭാഗങ്ങളിലേക്കുള്ള പങ്കാളിത്തം സ്കൂളുകൾ മുഖാന്തിരം മാത്രമേ അനുവദിക്കൂ.
18 വയസിന് മുകളിലുള്ളവർക്കായി ഓൺലൈൻ ലിങ്ക് വഴി മത്സരത്തിൽ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
സമ്മാനങ്ങൾ
ഫേബർ കാസ്റ്റൽ എല്ലാ പങ്കെടുക്കുന്ന കുട്ടികൾക്കും സൗജന്യ ഡ്രോയിംഗ് മെറ്റീരിയലുകൾ വിതരണം ചെയ്യും.
ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് പേർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും, ഓരോ ഗ്രൂപ്പിലെയും മികച്ച 50 പേർക്ക് മെഡലുകളും, എല്ലാ പങ്കാളികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും.
മത്സരത്തിലെ വിജയിയായ കലാസൃഷ്ടികളും മറ്റ് മികച്ച സൃഷ്ടികളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ICRF 2026 വാൾ & ഡെസ്ക് കലണ്ടറുകൾ 2025 ഡിസംബറിൽ പുറത്തിറക്കും. ഈ കലണ്ടറുകൾ സ്പോൺസർമാർക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കും അസോസിയേഷനുകൾക്കും വ്യാപകമായി വിതരണം ചെയ്യും.
ഐസിആർഎഫ് ബഹ്റൈൻ: സേവനത്തിന്റെ 25 വർഷങ്ങൾ
1999-ൽ സ്ഥാപിതമായ ഐസിആർഎഫ് ബഹ്റൈൻ, ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന, സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സംഘടനയാണ്.
കഴിഞ്ഞ 25 വർഷങ്ങളിൽ ബഹ്റൈൻ ഭരണകുടുംബം, ബഹ്റൈൻ സർക്കാർ, ഇന്ത്യൻ എംബസി, തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, LMRA തുടങ്ങിയവയുടെ പിന്തുണയോടെ ഒരു ലക്ഷത്തിലധികം വ്യക്തികൾക്ക് ഐസിആർഎഫ് കൈത്താങ്ങായിട്ടുണ്ട്.
സന്നദ്ധപ്രവർത്തകരുടെ ശക്തമായ സംഘത്താൽ നയിക്കപ്പെടുന്ന ഐസിആർഎഫ്, മെഡിക്കൽ സഹായം മുതൽ നിയമസഹായം, മാനസികാരോഗ്യ പിന്തുണ, അടിയന്തര സേവനങ്ങൾ, ഭൗതികശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായം എന്നീ മേഖലകളിൽ സർക്കാറിന്റെ സഹകരണത്തോടെ വിപുലമായ സേവനങ്ങൾ നൽകുന്നു.
വിശദവിവരങ്ങൾക്ക്
സ്പെക്ട്ര കൺവീനർ: മുരളീകൃഷ്ണൻ – 34117864
ജോയിന്റ് കൺവീനർ: നിതിൻ – 39612819
ഇമെയിൽ: icrfbahrain@gmail.com


