മനാമ: കോവിഡ് പ്രതിരോധത്തിനായുള്ള ‘ബി അവയർ’ ആപ്ലിക്കേഷൻ വഴി ഇനി മുതൽ വാക്സിനേഷനും രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ ആപ്ലിക്കേഷനിലൂടെ തന്നെ 21 ദിവസത്തിനുശേഷം നടത്തുന്ന രണ്ടാം ഡോസിൻ്റെ വാക്സിനേഷൻ തിയതിയും, വാക്സിനേഷൻ സർട്ടിഫിക്കറ്റും, ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ പി സി ആർ, ആൻറിജൻ ടെസ്റ്റ് റിസൽട്ടുകളും ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും ആപ്പിലൂടെ ലഭ്യമാക്കിയിരുന്നു.
പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയായിരുന്നു ഇതുവരെ രജിസ്ട്രേഷൻ നടന്നിരുന്നത്. രാജ്യത്ത് ഡിസംബർ 31 ന് രാത്രി 9 മണി വരെ 58,643 പേർ വാക്സിനേഷൻ നടത്തിയതായും സ്വയരക്ഷക്കും കുടുംബത്തേയും സമൂഹത്തേയും പരിരക്ഷിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ് വാക്സിനുകൾ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.