കോയമ്പത്തൂർ: കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. നഴ്സിംഗ് വിദ്യാർത്ഥിനി തമന്ന എന്നറിയപ്പെടുന്ന വിനോദിനിയെയാണ് (23) വിരുദുനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സേലത്തെ സംഗഗിരിയിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വിരുദുനഗർ സ്വദേശിയായ വിനോദിനി ‘ഫ്രണ്ട്സ് കോൾ മി തമന്ന’ എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മാരകായുധങ്ങള്‍ പ്രദർശിപ്പിച്ചുകൊണ്ടുള്ള റീൽസ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാ പേജ് പ്രഗ ബ്രദേഴ്സിലും പെൺകുട്ടി സജീവമാണ്. കഞ്ചാവ് കേസിൽ 2021ൽ വിനോദിനിയെ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഴ്ചയിലൊരിക്കൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും യുവതി ഒളിവിൽ പോയി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചതിനെ തുടർന്ന് പെൺകുട്ടിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ മാസം കോയമ്പത്തൂർ കോടതിക്ക് സമീപം ഗോകുൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തിയത്. കൊരങ്ങ് ശ്രീറാം എന്ന എതിർ സംഘത്തിലെ ഒരംഗത്തെ ഗോകുൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അംഗങ്ങൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണെന്ന് കണ്ടെത്തിയിരുന്നു.