
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ ഇനി മരിക്കാത്ത ഓർമ. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം പുഷ്പന്റെ മൃതദേഹം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി.
എം.വി. നികേഷ് കുമാറും അന്തിമോപചാരമർപ്പിക്കാനെത്തി. 1994ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവെപ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മുൻ മന്ത്രിയും അന്തരിച്ച സി.എം.പി. നേതാവുമായ എം.വി. രാഘവന്റെ മകനായ നികേഷ് ഇപ്പോൾ സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.
നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് പുഷ്പന് അന്തിമോപചാരമർപ്പിച്ചത്. കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ. ഓഫീസായ യൂത്ത് സെന്ററിൽനിന്ന് രാവിലെ എട്ടു മണിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് ആളുകളെത്തി. 11 മണിയോടെ തലശേരി ടൗൺ ഹാളിൽ മൃതദേഹം എത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകീട്ട് മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.
