മനാമ: അവസാന ദിവസങ്ങളിൽ പുതിയ കൊറോണ വൈറസ് കേസുകൾ കൂടുതലായി ഉണ്ടാകാനുള്ള കാരണങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാത്തതും പ്രതിരോധ നടപടികൾ കൃത്യമായി പ്രയോഗിക്കുന്നത് അവഗണിച്ചതുമാണ് എന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വ്യാപകമായ പരിശോധനകൾ നടക്കുമ്പോഴും, പൊതുജനങ്ങൾ അശ്രദ്ധമായി പെരുമാറിയതിനാൽ , ഇത് കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കാരണമായി.
പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ ബഹ്റൈനികളുടെ എണ്ണത്തിലും വർധനയുണ്ടായി. ഏപ്രിൽ 16 ന് 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നിന്ന് ഇന്നലെ 179 വരെയായി ഉയർന്നു. റമദാൻ, ഈദ് അൽ ഫിത്തർ സമയങ്ങളിൽ കുടുംബ-സാമൂഹിക ഒത്തുചേരലുകളാണ് പൗരന്മാരുടെ നിലവിലുള്ള കേസുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ അറിയിച്ചു. കാര്യക്ഷമമായ ചികിത്സ നൽകുന്നതിനായി കോവിഡ് – 19 സൗകര്യങ്ങളുടെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. ഐസൊലേഷനും ചികിത്സ സൗകര്യങ്ങൾക്കുമായി 7,187 കിടക്കകളാണുള്ളത്. അതിൽ 4,884 എണ്ണം നിലവിൽ ഉപയോഗത്തിലുണ്ട് എന്നും ഡോ. വലീദ് അൽ മാനിയ പറഞ്ഞു.
40 രോഗികളിൽ പ്ലാസ്മ ക്ലിനിക്കൽ പ്രൊജക്റ്റ് പൂര്തത്തീകരിച്ചതായും ഫലങ്ങൾ വിദഗ്ധർ വിശകലനം ചെയ്യുന്നതായും കൊറോണ വൈറസ് നിരീക്ഷണ സമിതി തലവൻ ലഫ്റ്റനൻറ് കേണൽ ഡോ.മനാഫ് അൽ ഖതാനി പറഞ്ഞു.
ബഹ്റൈനിൽ ഇതുവരെ 300,000 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും സൗകര്യങ്ങളുടെ ശേഷി വർദ്ധിപ്പിച്ചത് മികച്ച വീണ്ടെടുക്കൽ നിരക്കിലേക്ക് നയിച്ചതായും കോവിഡ് -19 മോണിറ്ററിംഗ് കമ്മിറ്റി അംഗം ഡോ. ജമീല അൽ സൽമാൻ വ്യക്തമാക്കി. “ഉയർന്ന വീണ്ടെടുക്കൽ നേടുകയാണ് ലക്ഷ്യം,” എന്നും അവർ കൂട്ടിച്ചേർത്തു.