
മനാമ: ലോകത്തിലെ ഏററവും മികച്ചതും വിലയേറിയതുമായ ആഢംബര കാര്‍ എന്ന വിശേഷണമുള്ള റോള്‍സ് റോയ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് ഫാന്റം. 1925 ല്‍ പുറത്തിറക്കിയ ആദ്യ ഫാന്റം മോഡലിന് 2025ല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ അതിന്റെ ഓര്‍മ്മക്കായി ലോകത്താകമാനമായി ഇരുപത്തഞ്ച് പ്രത്യേക ലിമിറ്റഡ് എഡിഷന് കാറുകളാണ് അവര്‍ പുറത്തിറക്കിയത്.
ഒരു വര്‍ഷം മുമ്പ് തന്നെ അതിനായി അവര്‍ ഇരുപത്തിയഞ്ച് പ്രമുഖരെ കണ്ടെത്തിയിരുന്നു. പ്രവാസി വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.ബി രവി പിള്ളയാണ് ആ ഇരുപത്തിയഞ്ചിലെ ഏക മലയാളിയും ഇന്ത്യക്കാരനും. ലണ്ടനില്‍ നിന്ന് ദുബായ് വഴി ബഹ്റൈനില്‍ എത്തിച്ച കാര്‍ കഴിഞ്ഞദിവസം ഡോ. രവി പിള്ള ഏറ്റുവാങ്ങി.

മുപ്പത് ലക്ഷം ഡോളറിലേറെ (ഏതാണ്ട് മുപ്പത് കോടിയിലേറെ രൂപ)യാണ് ഈ ലിമിറ്റഡ് എഡിഷന് കാറിന്റെ വില കണക്കാക്കുന്നത്. ഓരോ കാറും നിറത്തിലും ആഢംബരത്തിലും വ്യത്യസ്തമായ രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആഢംബരവും ഭംഗിയും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും സംഗമിക്കുന്നതാണ് ഫാന്റം സെന്റിനറി മോഡല്‍. പ്രത്യേക സംവിധാനങ്ങളും ഉടമയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരിച്ച കാറിന്റെ മുന്നിലുള്ള റോള്‍സ് റോയ്സിന്റെ വിഖ്യാതമായ ചിഹ്നം 24 കാരറ്റ് സ്വര്‍ണ്ണ നിര്‍മ്മിതമാണ്. ഉള്‍ഭാഗത്തെ അലങ്കാരങ്ങളിലും സ്വര്‍ണ്ണത്തിന്റെ സാന്നിധ്യമുണ്ട്.

സീറ്റുകളാകട്ടെ റോള്‍സ് റോയ്സിന്റെയും ഫാന്റത്തിന്റെയും ചരിത്രവും കഥയും ആലേഖനം ചെയ്യുന്ന ആകര്‍ഷകമായ 77 ചിത്രത്തുന്നലുകളാല്‍ മനോഹരം. 4,40,00 തുന്നലുകളിലൂടെയാണ് ഫാന്റത്തിന്റെ ചരിത്രം സീറ്റുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഫാന്റത്തിന്റെ ഏഴാം തലമുറ കാറായാണ് സെന്റിനറി മോഡല്‍ വിശേഷിപ്പിക്കപ്പെടുന്നത്. ശബ്ദമോ കുലുക്കമോ ഒന്നും അറിയാത്ത വിധത്തില്‍ റോഡിലൂടെ ഒരു സ്വകാര്യ വിമാനം ഒഴുകുന്ന അനുഭൂതി ഫാന്റം സമ്മാനിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. അഞ്ച് സെക്കന്റില്‍ 60 മൈല്‍ വേഗത കൈവരിക്കാവുന്ന എഞ്ചിന് ശേഷിയാണ് കാറിനുള്ളത്. നിറത്തിലും വലിയ വൈവിധ്യവും മികവും കാറിനുണ്ട്.




