രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ലെന്ന് പി ജയചന്ദ്രൻ. അനാവശ്യമായി സംഗീതത്തെ സങ്കീർണ്ണമാക്കാൻ രവീന്ദ്രൻ ശ്രമിച്ചെന്നും ജയചന്ദ്രൻ പറഞ്ഞു. ദേവരാജൻ ഉൾപ്പെടെയുള്ള സംഗീത സംവിധായകർക്ക് ശേഷം ജോൺസണ് മാത്രമാണ് മാസ്റ്ററാകാൻ അർഹതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഓരോരുത്തർക്കും അവരുടേതായ ശൈലികളുണ്ടായിരുന്നു. ജി ദേവരാജനാണ് എന്റെ യഥാർത്ഥ ഗുരുവും. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും മനോഹരവും വ്യത്യസ്തവുമാണ്. ഇന്ന്, അത്തരം കഴിവുള്ള ആളുകളെ നാം കാണുന്നില്ല. എം.എസ്. വിശ്വനാഥൻ എല്ലാവരേക്കാളും മികച്ചവനാണ്. അവർക്ക് ശേഷം, മാസ്റ്റർ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരു വ്യക്തിയാണ് ജോൺസൺ. ജോൺസണ് ശേഷം മാസ്റ്റർ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരും ഇല്ലെന്നും ജയചന്ദ്രൻ പറഞ്ഞു.
രവീന്ദ്രൻ മാസ്റ്ററെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഞാൻ അദ്ദേഹത്തെ ഒരു മാസ്റ്റർ കമ്പോസറായി കാണുന്നില്ല. അദ്ദേഹത്തിന്റെ കോമ്പോസിഷനുകളെല്ലാം അനാവശ്യമായി സങ്കീര്‍ണമായിരുന്നു. എന്തിനാണ് സംഗീതത്തെ സങ്കീര്‍ണമാക്കുന്നത്. അദ്ദേഹം മികച്ച സംഗീതജ്ഞനാകുമായിരുന്നു പക്ഷേ പാതിയില്‍ വഴിമാറിപ്പോകുകയായിരുന്നു- ജയചന്ദ്രന് വ്യക്തമാക്കി.