
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പട്ടികയില്‍ ഒന്നാമനായ നിധിന് അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.
കേന്ദ്ര ഡെപ്യൂട്ടേഷനില്നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവിയായി എത്തുന്നത്. ഡി.ഐ.ജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുടെ സ്പെഷല്‍ ഡയറക്ടറുമായിരുന്നു.
പട്ടികയില്‍ ഒന്നാമനായ നിധിന് അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറാണ്. ഡി.ജി.പിമാരില്‍ ഏറ്റവും സീനിയറായ നിധിന് അഗര്‍വാളിനും സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സര്‍ക്കാരുമായുള്ള ബന്ധം മോശമായത് തിരിച്ചടിയായി.
സംസ്ഥാനത്തിന്റെ നാല്പത്തിയൊന്നാമത്തെ ഡി.ജി.പിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകീട്ടാണ് നിലവിലെ ഡി.ജി.പി. എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്.
ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകീട്ടോടെ തിരുവനന്തപുരത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കില്‍ നാളെയോ മറ്റന്നാളോ ആകും ചുമതലയേറ്റെടുക്കുക.
