
പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ 60ലധികം പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 10 പേര് കൂടി കസ്റ്റഡിയില്‍.
ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. 62 പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിനിരയായതായും പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ ആറു സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായി അറിയുന്നു. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്. 13ാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ് സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ് സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്കി.
പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിലെത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ എസ്.സി, എസ്.ടി. പീഡന നിരോധന നിയമവും ചുമത്തും.
