
കൊച്ചി: റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
2021 ഓഗസ്റ്റ് മാസത്തിലാണ് വേടനുമായി പരിചയപ്പെടുന്നത്. വേടന്റെ ആൽബങ്ങളും പാട്ടുകളം കണ്ട് ഇൻസ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടനെത്തി. അവിടെവെച്ച് അനുമതിയില്ലാതെ തന്നെ ചുംബിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. ഇവിടെ മൂന്ന് ദിവസം താമസിച്ചിരുന്നു. ഇത്തരത്തിൽ 5 തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. വേടനുമായി സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. 2021 മുതൽ 2023 വരെയുളള കാലയളവിൽ തന്റെ പക്കൽ നിന്നും 31000 രൂപ വേടൻ വാങ്ങിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്.
2021 ഡിസംബറിൽ തനിക്ക് പാട്ടിറക്കാൻ പണം വേണമെന്ന് വേടൻ പറയുന്നു. പതിനായിരം രൂപ നൽകുന്നു. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ 5000 രൂപയും നൽകി. 8356 രൂപയ്ക്ക് പലപ്പോഴായി വേടന് ട്രെയിൻ ടിക്കറ്റും എടുത്തു നൽകിയിട്ടുണ്ട്. വേടനും സുഹൃത്തുക്കളും തന്റെ ഫ്ലാറ്റിൽ വന്ന് താമസിച്ചിട്ടുണ്ട്. 2022 മെയ് 30 ന് ലഹരി ഉപയോഗിച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അതിന് ശേഷം വളരെ മോശമായ പെരുമാറ്റമാണ് വേടന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി പറയുന്നു. തന്നെ ഒഴിവാക്കുന്ന രീതിയിലാണ് വേടൻ തുടര്‍ന്ന് പെരുമാറിയത്. താൻ ടോക്സിക്കാണെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും പറഞ്ഞ് വേടൻ ഇറങ്ങിപ്പോയി എന്നും യുവതി പരാതിയിൽ വിശദമാക്കുന്നു.
പിന്നീട് ഫോണെടുക്കാൻ തയ്യാറായില്ല. അടുത്തിടെ കണ്ട വേടന്റെ ഇന്റര്‍വ്യൂവിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടു. തന്നെ വേടൻ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് വരാൻ തയ്യാറായതെന്നും യുവതി പറയുന്നു.
