ഭോപ്പാൽ: ബലാത്സംഗ കേസിൽ പ്രതിയായ വിദ്യാർത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് “ഭയ്യ ഈസ് ബാക്ക്” എന്നെഴുതിയ പോസ്റ്ററുകളും ഹോർഡിംഗുകളും പ്രദർശിപ്പിച്ച സംഭവത്തിൽ അമർഷം രേഖപ്പെടുത്തി സുപ്രീം കോടതി. എബിവിപി നേതാവായ ശുഭാങ് ഗോണ്ടിയയാണ് കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവ്. മധ്യപ്രദേശിൽനിന്നുള്ള പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇയാൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരിയായ പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി അമർഷം അറിയിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പെൺകുട്ടിയുടെ പരാതി.
ഇക്കഴിഞ്ഞ നവംബറിലാണ് ഗോണ്ടിയയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപണവിധേയനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുമ്പോൾ കേസിന്റെ ഗൗരവവും കേസുമായി ബന്ധപ്പെട്ട വസ്തുതകളും കോടതി പരിഗണിച്ചില്ലെന്ന് പരാതിക്കാരി സുപ്രീംകോടതിയിൽ പരാതിപ്പെട്ടു. ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് ശുഭാംഗ് ഗോണ്ടിയയോട് കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മധ്യപ്രദേശ് സർക്കാരിന്റെ പ്രതികരണവും കോടതി നേടിയിട്ടുണ്ട്.
