മുംബൈ: മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് ഒരുങ്ങുകയാണ്. നാളുകള്‍ നീണ്ട പ്രണയത്തിന് ഒടുവിൽ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം നാളെ നടക്കും. രണ്‍ബീറിന്റെ മാതാവ് നീതു കപൂറും സഹോദരി റിദ്ദിമ കപൂറും ഇരുവരുടേയും വിവാഹം നാളെ ഉണ്ടാകുമെന്ന കാര്യം വെളിപ്പെടുത്തിക്കഴിഞ്ഞു. രണ്‍ബീറിന്റെ വീട്ടില്‍ (വാസ്തു) വച്ചായിരിക്കും ചടങ്ങുകളെന്നാണ് സൂചന.
വിവാഹ തലേന്നത്തെ മെഹന്ദി ചടങ്ങുകള്‍ക്കായി തന്നെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ വന്നിരുന്നു. കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവര്‍ ഇന്നത്തെ മെഹന്ദി ചടങ്ങുകളില്‍ പങ്കെടുത്തു. സംഗീതജ്ഞന് പ്രതീക് കുഹാദ് മെഹന്ദി ചടങ്ങിൽ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവരും മെഹന്ദി ചടങ്ങുകളുടെ ഭാഗമായി.
കഴിഞ്ഞ കുറെ നാളുകളായി തന്നെ ഇരുവരുടേയും വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് സൂചനകള്‍. പിന്നീട് നടക്കുന്ന പൊതുചടങ്ങളില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെല്ലാം എത്തുമെന്നും വിവരമുണ്ട്.
വിവാഹച്ചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ ഇരുവരുടെയും ജീവനക്കാരുടെ ഫോണുകളില്‍ സ്റ്റിക്കറൊട്ടിച്ചിരിക്കുകയാണ്. ക്യാമറയുടെ ഭാഗത്താണ് സ്റ്റിക്കറൊട്ടിച്ചിരിക്കുന്നത്. ഫോണുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്.ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. വിവാഹച്ചടങ്ങുകള്‍ 17 വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ട്.