തിരുവനന്തപുരം: വികസന കാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ച കോൺഗ്രസ് എംപി ശശി തരൂരിനെതിരെ മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിൽവർ ലൈൻ ജനോപകാര പ്രദമല്ലെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞിന് പോലും അറിയാം. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിത്, തരൂർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും ഹൈക്കമാൻഡ് എത്രയും പെട്ടെന്ന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂർ അന്താരാഷ്ട്ര പ്രശസ്തനായ രാജ്യതന്ത്രജ്ഞനോ എഴുത്തുകാരനോ മികച്ച പ്രാസംഗികനോ ആകാം. പക്ഷേ കോൺഗ്രസിന്റെ താത്വികമായ അച്ചടക്കവും മര്യാദകളും അദ്ദേഹം പഠിക്കേണ്ടതുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംപി ആണെങ്കിൽ അടിസ്ഥാനപരമായി അദ്ദേഹമൊരു കോൺഗ്രസുകാരനാണ്.ഭൂരിപക്ഷം എംപി മാരും കെ റെയിലിന് എതിരായി നിലപാട് എടുക്കുമ്പോൾ ഞാനിത് പഠിക്കട്ടെ എന്ന് പറയുന്നത് സർക്കാരിനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കങ്ങളാണ്.
ഓരോരോ സന്ദർഭങ്ങളിലും പാർട്ടിയെ ഇതുപോലെ പ്രതിക്കൂട്ടിൽ നിറുത്തുന്ന അവസ്ഥയാണ്. അടിയന്തരമായിട്ട് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഇടപെടണം. ഈ എംപിയെ ഇങ്ങനെ സ്വതന്ത്രനായി പോകാൻ അനുവദിക്കാമോ? പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ തീർച്ചയായും പഠിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും മുല്ലപ്പള്ളി തുറന്നടിച്ചു
അതേസമയം, സ്വന്തം എഫ് ബി പേജിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം വികസന കാഴ്ചപ്പാടിൽ മുഖ്യമന്ത്രിക്ക് നൽകുന്ന പിന്തുണയിൽ നിന്നും പിന്നോട്ടില്ലെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.