
ഡല്‍ഹ്: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തുമെന്ന പാകിസ്ഥാന് പ്രതിരോധ മന്ത്രി ബവാജ ആസിഫിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ബംഗാളിനെ ലക്ഷ്യം വെക്കാന്‍ ശ്രമിച്ചാൽ പാകിസ്ഥാൻ ഇത്തവണ എത്ര കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഞ്ച് പതിറ്റാണ്ട് മുമ്പ് പാകിസ്ഥാന് വിഭജിക്കപ്പെട്ട ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. ‘പാകിസ്ഥാന് പ്രതിരോധ മന്ത്രി ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നല്കാന് പാടില്ലായിരുന്നു. 55 വര്‍ഷം മുമ്പ് പാകിസ്ഥാന് രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ അതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിച്ചതാണ്. ഇത്തവണ അവര്‍ ബംഗാളിന് നേരെ കണ്ണുവെക്കാന്‍ ശ്രമിച്ചാൽ പാകിസ്ഥാൻ എത്ര കഷണങ്ങളായി ചിതറുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ,’ സിങ് പറഞ്ഞു.
ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ‘ഫോള്‍സ് ഫ്ലാഗ് ഓപ്പറേഷന്’ (വ്യാജ ഏറ്റുമുട്ടല്‍) നടത്തിയാൽ കൊല്‍ക്കത്തയില്‍ ആക്രമണം നടത്തി തിരിച്ചടിക്കുമെന്ന് ബബാജ ആസിഫ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഈ വാക്പോര് മുറുകിയത്.
ശനിയാഴ്ച സിയാൽക്കോട്ടിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഖവാജ ആസിഫ് വിവാദ പ്രസ്താവന നടത്തിയത്. ‘ഇന്ത്യ ഇത്തവണ എന്തെങ്കിലും വ്യാജ ഓപ്പറേഷന് മുതിര്‍ന്നാല്‍, ദൈവനിശ്ചയമുണ്ടെങ്കിൽ ഞങ്ങൾ അത് കൊൽക്കത്ത വരെ എത്തിക്കും,’ എന്നായിരുന്നു ആസിഫിന്റെ വാക്കുകള്‍. പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യക്തികളെ ഉപയോഗിച്ച് ഇന്ത്യ വ്യാജ ഏറ്റുമുട്ടല്‍ നാടകം നടത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും അദ്ദേഹം ഹാജരാക്കിയില്ല. ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്റെ മറുപടി ‘വേഗത്തിലുള്ളതും കൃത്യവും നിർണ്ണായകവും’ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


