ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് രജനികാന്ത് ഫാന്‍സ് അസോസിയേഷന് ആയ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ചു. ആരാധക കൂട്ടായ്മയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗം നാളെയാണ് വിളിച്ചു ചേർത്തിരിക്കുന്നത്. കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആണ് യോഗം. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് നിര്‍ണായക തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് അറിയിച്ചിരുന്നു. തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും രജനി പിന്നീട് പ്രതികരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മൺട്രത്തിന്റെ യോഗം വിളിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ചാലും നേതൃനിരയിൽ ഉണ്ടാകില്ലെന്നും താൻ പാർട്ടിയെ തിരുത്തുന്ന ഘടകം മാത്രമായിരിക്കുമെന്നും നേരത്തെ രാഷ്ട്രീയ പ്രവേശന വേദിയിൽ രജനികാന്ത് വ്യക്തമാക്കിയിരുന്നു.