റായ്പൂർ: റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. 108 റൺസിന് കിവീസിനെ ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ തുടക്കം മുതൽ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞു. സ്കോർ ബോർഡിൽ റൺ കാണുന്നതിന് മുമ്പ് അവർക്ക് ഓപ്പണർ ഫിൻ അലനെ നഷ്ടമായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. 15 റൺസെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ഇതോടെ ടീമിന്റെ സ്കോർ അർധസെഞ്ച്വറി കടക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ.
ഗ്ലെൻ ഫിലിപ്സ്, മൈക്കിൾ ബ്രേയ്സ്വെൽ, മിച്ചൽ സാന്റ്നർ എന്നിവർ ചെറുത്തു നിന്നതോടെയാണ് കിവീസ് മൂന്ന് അക്ക സ്കോർ നേടിയത്. 36 റൺസെടുത്ത ഫിലിപ്സാണ് ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദറും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഷർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.