ദുബായ്: യുഎഇയിൽ ശനിയാഴ്ച (നാളെ) വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). മേഘാവൃതമായ ആകാശം, മഴയുള്ള കാലാവസ്ഥ, താഴ്ന്ന താപനില എന്നിവ ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാണാനാകും. എന്നിരുന്നാലും, മഴയുടെ തീവ്രത ബുധൻ, വ്യാഴം ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാവിലെ 5 മണി വരെ നേരിയതും മിതമായതുമായ മഴ രേഖപ്പെടുത്തി. അബുദാബി, അൽ ഐൻ, ഹത്ത, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ മഴ ഉണ്ടായതായും എൻസിഎം അറിയിച്ചു.
ദുബായിലും സമീപ തീരപ്രദേശങ്ങളിലും ഇന്ന് പുലർച്ചെ താപനില 14 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. അൽ മർമൂമിൽ 11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. യു എ ഇയിൽ പുലർച്ചെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസായിരുന്നു.