
മനാമ: ബഹ്റൈനില്‍ മഴക്കാലത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മഴക്കാലത്ത് അടിയന്തര സംഘത്തിന്റെ ശ്രമങ്ങള്‍ അവലോകനം ചെയ്യാനുമായി രാജ്യത്തുടനീളമുള്ള നിരവധി പ്രധാന റോഡുകളില്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ് പൊതുമരാമത്ത് മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര് എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി.
പ്രധാന റോഡ് ശൃംഖലയും തുരങ്കങ്ങളും തുറന്നിരിക്കുന്നതായും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. ചില റോഡുകളില്‍ മഴവെള്ളം അടിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി മഴ ദുരിതാശ്വാസ അടിയന്തര സംഘം ഇത് ഉടനടി പരിഹരിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ അടിഞ്ഞുകൂടിയ മഴവെള്ളം വറ്റിച്ചുകൊണ്ട് ഗതാഗതവും റോഡ് സുരക്ഷയും നിലനിര്‍ത്താന്‍ മഴയുടെ ആരംഭം മുതല്‍ മഴ ദുരിതാശ്വാസ അടിയന്തര സംഘം പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


